മദ്യപിച്ച് തര്‍ക്കം; കമ്പത്ത് മലയാളി യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
മദ്യപിച്ച് തര്‍ക്കം; കമ്പത്ത് മലയാളി യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
കുമളി: മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കമ്പത്ത് മലയാളിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി (44) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പ്രതി, ഗൂഡല്ലൂര്‍ എംജിആര്‍ കോളനിയിലെ ഉദയകുമാറിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
കമ്പത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്യുകയായിരുന്നു മുഹമ്മദ് റാഫി. കമ്പം ടൗണിലെ സെല്ലാണ്ടി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ സ്വകാര്യ ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇതേ ഹോട്ടലില്‍ മറ്റൊരു മുറിയിലാണ് ഉദയകുമാര്‍ താമസിച്ചിരുന്നത്. ഇരുവരും ചേര്‍്ന്ന് വ്യാഴാഴ്ച രാത്രി മുറിയിലിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ ഉദയകുമാര്‍ ചുറ്റികക്കൊണ്ട് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ അടിച്ചു.
രാത്രിയില്‍ മുഹമ്മദ് റാഫി അനക്കമില്ലാതെ കിടക്കുന്നതുകണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കമ്പംനോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ പാര്‍ത്ഥിപന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.