വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷിയെന്ന് രഹസ്യവിവരം; അട്ടപ്പാടിയില്‍ കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
പാലക്കാട്: പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനില്‍ കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. പുതു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സത്യക്കല്ലുമലയുടെ താഴ്വാരത്ത് ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയാണ് നശിപ്പിച്ചത്. കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുര്‍ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഏറെ ദുഷ്‌കരമായ ശ്രമത്തിനൊടുവിലാണ് കഞ്ചാവ് വേട്ട. കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പോലീസ് അവിടെ എത്തിച്ചേര്‍ന്നത്.
അട്ടപ്പാടിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ട് എന്ന് കേരള ATS DIG ശ്രീ. പുട്ടാ വിമലാദിത്യ ips \p വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ അജിത് കുമാര്‍ ഐപിഎസിന് വിവരം കൈമാറിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഇത് കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷിച്ചു വരുന്നുണ്ട്. കേരള പോലീസിന്റെ തന്നെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത് വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പരിശോധനകള്‍ ഉണ്ടായിരിക്കുന്നതാണ്.