ഗൂര്‍ഖാ വാഹനത്തില്‍ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചു നോക്കും; രാഷ്ട്രപതിയുടെ ശബരിമല യാത്രയില്‍ നാളെ റിഹേഴ്‌സല്‍

Update: 2025-10-20 05:17 GMT

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സല്‍ ചൊവ്വാഴ്ച സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാകും ട്രയല്‍ നടത്തുക.

രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂര്‍ഖാ വാഹനത്തില്‍ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പോലീസ് സുരക്ഷാപരിശോധന തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും.

നാളെ വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് 10.20ന് നിലക്കല്‍ ഹെലിപാഡിലെത്തും. റോഡു മാര്‍ഗം പമ്പയിലും തുടര്‍ന്ന് ശബരിമലയിലും എത്തും. 11.55 മുതല്‍ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനില്‍ മടങ്ങിയെത്തും.

Similar News