പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ വിവാദത്തില്‍ പെട്ട രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം; നടപടി പേരില്‍ ഒതുങ്ങും
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ വിവാദത്തില്‍ പെട്ട രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എസിപിയായി നിയമനം നല്‍കി. മാര്‍ച്ച് നിയന്ത്രിക്കാന്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവര്‍. ഷാഫി പറമ്പില്‍ എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു വീഴ്ച സമ്മതിച്ചിരുന്നു. വെറും സ്ഥലം മാറ്റത്തില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ചുരുങ്ങും.
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷന്‍ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങള്‍. കോഴിക്കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നല്‍കി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കല്‍ കോളജ് ഡിവിഷന്‍ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി പരാതി നല്‍കിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മര്‍ദിച്ചെന്നും റൂറല്‍ എസ്പി പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ പോലീസുകാര്‍ക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു.