തിരുവനന്തപുരത്ത് താമസിക്കുന്ന മാണിക്യന്‍ അനുജനോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് ചോറ്റാനിക്കരയിലെത്തി; മദ്യപാനം വഴക്കായി; അനുജനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചേട്ടന്‍; ചോറ്റാനിക്കര ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടില്‍ സംഭവിച്ചത്
കൊച്ചി: ചോറ്റാനിക്കരയില്‍ ജ്യേഷ്ഠന്‍ അനുജനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് ക്ഷേത്ര ഗ്രൗണ്ടില്‍ വച്ച്. ചോറ്റാനിക്കര അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളുടെ ജ്യേഷ്ഠന്‍ മാണിക്യനെ ചോറ്റാനിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ ജ്യേഷ്ഠന്‍ അനുജന്റെ ശരീരത്തില്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച രാത്രി 8.30 ഓടെ ചോറ്റാനിക്കര അമ്പലത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഭവം. ശരീരത്തിന്റെ ഒരു ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ മണികണ്ഠനെ ആദ്യം അടുത്തുള്ള തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും അവിടെനിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇവര്‍ വര്‍ഷങ്ങളായി ചോറ്റാനിക്കര അമ്പലത്തിന്റെ പരിസരത്ത് താമസിക്കുന്നവരാണ് മണികണ്ഠനും കുടുംബവും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാക്കിയ ജ്യേഷ്ഠനും അനുജനുമെതിരേ നിരവധി കേസുകളുള്ളതായാണ് വിവരം. മണികണ്ഠനെതിരെ ചോറ്റാനിക്കര പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് താമസിക്കുന്ന മാണിക്യന്‍ അനുജനോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് ചോറ്റാനിക്കരയിലെത്തിയത്. ഇന്നലെ രാത്രി ബാറില്‍ പോയി മദ്യപിച്ച ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. പെട്രോള്‍ വാങ്ങി വരുന്നതിനിടെ വീണ്ടും മദ്യപിച്ച ഇരുവരും വീട്ടുകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു.
ഈ തര്‍ക്കത്തിന് പിന്നാലെയാണ് ബൈക്കിലൊഴിക്കാന്‍ കരുതിയ പെട്രോള്‍ മാണിക്യന്‍ സഹോദരന്റെ ശരീരത്തിലേക്ക് ഒഴിക്കുന്നതും തീകൊളുത്തുന്നതും. മുപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ മണികണ്ഠന്‍ ഗുരുതരാവസ്ഥയിലാണ്.