പ്രസവിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം; ചോരക്കുഞ്ഞിനെ അമ്മ തൊട്ടിലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി: 2.6 കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാന്‍
ചോരക്കുഞ്ഞിനെ അമ്മ തൊട്ടിലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിനരികില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മത്തൊട്ടിലിനരികിലെ പ്ലാവിന്‍ചുവട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.
ഇവിടത്തെ ഹൈടെക് അമ്മത്തൊട്ടില്‍ രണ്ടുവര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. ഇതേത്തുടര്‍ന്നാകണം കുഞ്ഞിനെ ഇതിനടുത്തായി ഉപേക്ഷിച്ചതെന്ന് കരുതുന്നു. സമീപത്തുള്ള ജനറല്‍ ആശുപത്രിയിലെ കാവല്‍ക്കാരന്‍ കെ. വിഷ്ണുവാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടത്. തെരുവുനായ്ക്കള്‍ കൂട്ടംകൂടുന്ന മേഖലയില്‍ ഭാഗ്യംകൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടത്. വിഷ്ണു ഉടന്‍ തന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
2.6 കിലോഗ്രാമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കില്‍നിന്നും കുഞ്ഞിന് പാല്‍ കൊടുക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് സൂചന. വീട്ടിലാണ് പ്രസവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
നിലവില്‍ കുഞ്ഞ് ആശുപത്രി എന്‍ഐസിയുവിലാണ്. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഉറപ്പിച്ചശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറും. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടില്‍ പലയിടങ്ങളിലും പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ട്. അമ്മത്തൊട്ടിലിലെ സാങ്കേതിക തകരാര്‍ ശരിയാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് സിഡബ്ല്യുസി അധികൃതര്‍ പറയുന്നത്.