റിട്ട. അധ്യാപകന്റെ വീട്ടില്‍ കയറി മോഷണം; അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന സുഹൃത്ത് അറസ്റ്റില്‍
റിട്ട. അധ്യാപകന്റെ വീട്ടില്‍ കയറി മോഷണം; സുഹൃത്ത് അറസ്റ്റില്‍
ചന്തേര: റിട്ടയേഡ് അധ്യാപകന്റെ വീട്ടില്‍ കയറി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച സുഹൃത്തിനെ പോലിസ് അറസ്റ്റഅ ചെയ്തു. മാണിയാട്ട് തിരുനെല്ലൂര്‍ ശിവക്ഷേത്രത്തിന് സമീപത്തെ സി.എം. രവീന്ദ്രന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ സുഹൃത്തായ നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലെ പി.വി. വിനോദ് (55) അറസ്റ്റിലായത്.
അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന അഞ്ചരപ്പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. സ്യൂട്ട്കേസില്‍ സൂക്ഷിച്ച ഒരുപവന്‍ വീതമുള്ള മൂന്ന് വളയും രണ്ടരപ്പവന്റെ മാലയുമാണ് കവര്‍ന്നത്. രവീന്ദ്രന്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ വനിദോ മോഷണം നടത്തിയതായി തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. നാലു പവന്‍ സ്വര്‍ണവും കണ്ടെടുത്തു.
ഒക്ടോബര്‍ 17-ന് ഉച്ചയ്ക്ക് ഒന്നിനും 21-ന് രാത്രി എട്ടിനും ഇടയിലാണ് വിനോദ് കവര്‍ച്ച നടത്തിയതെന്ന് ചന്തേര പോലീസില്‍ രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരത്തെ ഒരു ജൂവലറിയില്‍ രണ്ട് വള വിറ്റ് 1.55 ലക്ഷം രൂപ കൈപ്പറ്റിയതായി മനസ്സിലാക്കി. ഇതിന് ശേഷം വിനോദിനെ തന്ത്രപൂര്‍വം വലയിലാക്കി പോലീസിന് കൈമാറുകയായിരുന്നു.
മോഷണം നടത്തിയശേഷം മാണിയാട്ടെ ഒരു ഓട്ടോറിക്ഷയിലാണ് വിനോദ് നീലേശ്വരത്തേക്ക് പോയത്. വിനോദ് ആഡംബരത്തിനായി പണം ചെലവിടുന്നതായും സൂക്ഷിക്കണമെന്നും നീലേശ്വരത്തെ ബന്ധു നല്‍കിയ സൂചനയാണ് മോഷ്ടാവിനെ പിടികൂടാന്‍ രവീന്ദ്രന് സഹായമായത്. കവര്‍ച്ച നടത്തിയ വിനോദ് മാണിയാട്ടുനിന്ന് നീലേശ്വരത്തേക്ക് പോയ അതേ ഓട്ടോറിക്ഷയില്‍ കഴിഞ്ഞദിവസം രവീന്ദ്രനും നീലേശ്വരത്തേക്ക് യാത്രചെയ്ത് വിവരം ശേഖരിച്ചു. വിനോദിനെ പോലീസ് നീലേശ്വരത്തെ ജൂവലറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നാലുപവന്‍ കണ്ടെത്തു.