വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി; സിവില്‍ സപ്ലൈസ് കോര്‍പറേഷന് പണം നല്‍കി ധനമന്ത്രി

Update: 2025-10-25 05:47 GMT

തിരുവനന്തപുരം : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവന്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.

കഴിഞ്ഞവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാല്‍, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നല്‍കി. 2011-12 മുതല്‍ 2024 25 വരെ, 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കി 7270 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്.

Similar News