കടലില്‍ വീണ ഫുട്‌ബോള്‍ കുട്ടികള്‍ക്ക് എടുത്തുകൊടുത്തു; പൊഴികടക്കാന്‍ ശ്രമിക്കവെ ചുഴിയില്‍പ്പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍

Update: 2025-10-28 16:20 GMT

പൂന്തുറ: തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ ഫുട്‌ബോള്‍ കുട്ടികള്‍ക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാന്‍ ശ്രമിച്ച യുവാവിനെ ചുഴിയില്‍പ്പെട്ട് കാണാതായി. പുന്തുറ ജോണ്‍പോള്‍ രണ്ടാമന്‍ തെരുവില്‍ ഹൃദയദാസന്റെയും ഷാര്‍ലറ്റിന്റെയും മകന്‍ ജോബിനെ(24)യാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.

വെല്‍ഡിങ് തൊഴിലാളിയായിരുന്നു ജോബ്. വര്‍ക്ക്ഷോപ്പ് അടച്ചതിനെ തുടര്‍ന്ന് ഒപ്പം ജോലിചെയ്യുന്ന ശ്രീക്കുട്ടന്‍, അജീഷ്, മനുദാസ് എന്നിവര്‍ക്കൊപ്പം ഉച്ചയോടെ പൂന്തുറ പൊഴിക്കരയെത്തി ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്നു. ഈ സമയത്ത് പൂന്തുറ കടല്‍ത്തീരത്ത് കുട്ടികളുടെ സംഘം ഫുട്ബോള്‍ കളിച്ചിരുന്നു.

കളിക്കിടയില്‍ പന്ത് കടലില്‍ വീണു. കുട്ടികള്‍ സഹായമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജോബ് കടലിലിറങ്ങി പന്തെടുത്ത് കുട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തു. തുടര്‍ന്ന് കരയിലേക്ക് നടന്നുവരുമ്പോള്‍ പൊഴിയിലെ ചുഴിക്കുളളില്‍പ്പെട്ട് താഴ്ന്നുപോകുകയായിരുന്നെന്ന് സുഹ്യത്തുക്കള്‍ പറഞ്ഞു.

സംഭവമറിഞ്ഞ് പൂന്തുറ ഇടവക വികാരി ഫാ. ഡാര്‍വിന്‍, കൗണ്‍സിലര്‍ മേരി ജിപ്സി, ജോബിന്റെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പൊഴിക്കരയിലെത്തി. തുടര്‍ന്ന് തിരുവല്ലം, പൂന്തുറ എന്നീ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ സജീവ്, ജെ. പ്രദീപ് എന്നിവരടക്കമുള്ള പോലീസ് സംഘവും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് വിഴിഞ്ഞം കോസ്റ്റല്‍ എസ്.എച്ച്.ഒ. വിപിന്റെ നേത്യത്വത്തിലുളള മുങ്ങല്‍ വിദഗ്ധരായ സാദിക്, സിയാദ്, നിസാം, കിരണ്‍, അലക്സാണ്ടര്‍, വാഹിദ് എന്നിവരെത്തി പൊഴിഭാഗത്തും കരമനയാറിന്റെ ഭാഗത്തും തിരച്ചില്‍ നടത്തി. സന്ധ്യവരെ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ബുധനാഴ്ചയും തിരച്ചില്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു. പൂന്തുറ പോലീസ് കേസെടുത്തു.

Similar News