3000 രൂപയ്ക്ക് വാങ്ങി 30,000 ത്തിന് വില്‍പ്പന; കഞ്ചാവുമായി ബംഗാളി യുവാക്കള്‍ പിടിയില്‍

Update: 2025-11-26 05:23 GMT

പെരുമ്പാവൂര്‍: ഒഡിഷയില്‍നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തില്‍ 30,000 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്ന ബംഗാളി യുവാക്കള്‍ പിടിയില്‍. എട്ടുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സമീന്‍ ഷെയ്ക്ക് (28), മമന്‍ ഷെയ്ക്ക് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.

ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒക്കല്‍ നമ്പിള്ളി ജങ്ഷനിലെ മൂന്നുനില കെട്ടിടത്തിലെ മുറിയില്‍നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒഡിഷയില്‍നിന്ന് ട്രെയിനില്‍ ആലുവയില്‍ ചൊവ്വ പകലാണ് ഇരുവരും എത്തിയത്. അതിനുശേഷം ഒക്കലിലുള്ള മുറിയിലെത്തി കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. ഒഡിഷയില്‍നിന്ന് വാങ്ങുന്ന കഞ്ചാവ് ഇവിടെ വിറ്റ് മടങ്ങുന്നതായിരുന്നു രീതി.

എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍ ഡൊമിനിക്, എസ്‌ഐമാരായ പി എം റാസിഖ്, ജോസി എം ജോണ്‍സണ്‍, വിനില്‍ ബാബു, എഎസ്ഐ പി എ അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ ടി എ അഫ്‌സല്‍, രജിത്ത് രാജന്‍, ബെന്നി ഐസക്, എം കെ നിഷാദ്, സിബിന്‍ സണ്ണി, കെ ആര്‍ ധനേഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

Similar News