താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍; ഒളിവില്‍ പോയവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന
കോഴിക്കോട്: താമരശ്ശേരിയില്‍ ഫ്രഷ്‌കട്ട് സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍. താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണില്‍ ഷൗക്കത്ത് (33), കൂടത്തായി വട്ടച്ചന്‍കണ്ടി വി കെ മുഹമ്മദ് അഷറഫ് (42) എന്നിവരാണ് കസ്റ്റഡിയിലായത്. ഇതോടെ കേസില്‍ പിടിയില്‍ ആയവരുടെ എണ്ണം 12 ആയി. ഒളിവില്‍ പോയവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന തുടരുന്നുണ്ട്.
അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ ഉണ്ടായ സംഘര്‍ഷുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. സംഘര്‍ഷത്തിലും പൊലീസ് പരിശോധനയിലും വിദ്യാര്‍ഥികള്‍ ഭീതിയിലാണെന്നും കൗണ്‍സിലിംഗ് നല്‍കേണ്ട സാഹചര്യമാണെന്നും രക്ഷിതാക്കളും അധ്യാപകരും പറയുന്നു.
അറുപതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇരൂട് സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ രണ്ട് ദിവസമായിചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകുകയും ചെയ്തു. അക്രമ സംഭവങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് തേടി .
മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്, കോഴിക്കോട് ജില്ലാ കലളക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2 ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ സംഘര്‍ഷം ഉണ്ടായത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘര്‍ഷം.