സ്‌പെയിനിലെ മോട്ടോസ്റ്റുഡന്റ് ഇന്റര്‍നാഷണല്‍ 2025-ല്‍ ഏഷ്യന്‍ വിജയികളായി അമൃത യൂണിവേഴ്‌സിറ്റി; മികവ് തുടര്‍ന്ന് അമൃത വിശ്വ വിദ്യാപീഠത്തിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം

Update: 2025-10-29 04:43 GMT

കോയമ്പത്തൂര്‍ : സ്‌പെയിനില്‍ നടന്ന മോട്ടോസ്റ്റുഡന്റ് ഇന്റര്‍നാഷണല്‍ 2025-ല്‍ ഏഷ്യന്‍ വിജയികളായി അമൃത യൂണിവേഴ്‌സിറ്റി കോയമ്പത്തൂര്‍ ക്യാംപസ്. അമൃത സര്‍വ്വകലാശാല മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോട്ടോര്‍സൈക്കിള്‍ എഞ്ചിനീയറിംഗ് ടീമായ മോട്ടോ അമൃത (MotoAmrita) യാണ് സ്‌പെയിനിലെ മോട്ടോര്‍ലാന്‍ഡ് അരഗോണില്‍ നടന്ന മോട്ടോസ്റ്റുഡന്റ് ഇന്റര്‍നാഷണല്‍ മത്സര വിജയികളായത്. 2025-ല്‍ ഈ ട്രോഫി നേടുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ഖ്യാതിയും അമൃതയ്ക്ക് സ്വന്തമായി.

ഇ-ഫ്യുവല്‍ വിഭാഗത്തിലെ ബെസ്റ്റ് റൂക്കി ടീം അവാര്‍ഡ് (Best Rookie Team Award) ആണ് ടീം കരസ്ഥമാക്കിയത്. എട്ടാം പതിപ്പിലേക്ക് കടന്ന മോട്ടോസ്റ്റുഡന്റ്, ലോകത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റി തല മോട്ടോര്‍സ്പോര്‍ട്സ് മത്സരങ്ങളില്‍ ഒന്നാണ്. 20 രാജ്യങ്ങളില്‍ നിന്നുള്ള 86 ടീമുകളാണ് ഇതില്‍ പങ്കെടുത്തത്. എഞ്ചിനീയറിംഗ് മികവ്, സുസ്ഥിരത, നൂതനത്വം എന്നിവ സംയോജിപ്പിച്ച്, ഇലക്ട്രിക്, ഇ-ഫ്യുവല്‍ (100% പുനരുപയോഗിക്കാവുന്ന ഇന്ധനം) സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടോടൈപ്പ് മോട്ടോര്‍സൈക്കിളുകള്‍ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ഓടിക്കുകയും ചെയ്യുന്ന മത്സരമാണിത്.

നൂതനത്വം, രൂപകല്‍പ്പന, പ്രോജക്ട് നിര്‍വ്വഹണം എന്നിവ വിലയിരുത്തുന്ന എം.എസ്.1 ഘട്ടത്തില്‍ മോട്ടോ അമൃത ടീം ലോക റാങ്കിംഗില്‍ 14-ാം സ്ഥാനം എന്ന ശ്രദ്ധേയമായ നേട്ടവും കൈവരിച്ചു. അമൃത വിശ്വ വിദ്യാപീഠത്തിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എം. ശിവനേശനാണ് ടീമിന് നേതൃത്വം നല്‍കിയത്. ഫൈനല്‍ മത്സരത്തില്‍ അമൃതയെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികളായ ശ്രീഹരിഷ് ആര്‍ , രാഘവ് പാലനികുമാര്‍ എസ് അരുണ്‍ വിജയ് എ ആര്‍, പി എല്‍ അശ്വന്ത്, മിഥുന്‍ കെ ആര്‍, മഹാലക്ഷ്മി എം എന്നിവരാണ് മത്സരത്തിനിറങ്ങിയത്.

Similar News