പോക്‌സോ കേസ് ഇരയായ പെൺകുട്ടിയെ നിർഭയ ഹോമിൽ നിന്നും കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-10-29 06:23 GMT

ബാലുശ്ശേരി: നിർഭയ ഹോമിൽ താമസിപ്പിച്ച പോക്സോ കേസ് അതിജീവിതയായ 17-കാരിയെ കാണാതായതായി പരാതി. ഹോം അധികൃതർ വെള്ളയിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ഫാദിൽ എന്നയാൾ ലൈംഗികമായി ചൂഷണം ചെയ്തതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായിരുന്നു.

ഈ കേസിൽ പ്രതിയായ ഫാദിൽ നിലവിൽ റിമാൻഡിലാണ്. അന്വേഷണം പൂർത്തിയാക്കിയ ശേഷം, മെഡിക്കൽ നടപടികൾക്ക് ശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് നിർഭയ ഹോമിൽ സംരക്ഷിച്ചു വരികയായിരുന്നു. മകളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയിരുന്നു.

എന്നാൽ, ഇതുവരെ അനുകൂല നടപടിയുണ്ടായില്ലെന്ന് അമ്മ ആരോപിച്ചു. 2022-ൽ പെൺകുട്ടി മറ്റൊരു പീഡനത്തിനും ഇരയായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് കുട്ടി കത്തയച്ചിരുന്നതായും അമ്മ പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News