ഓടിക്കൊണ്ടിക്കെ സ്‌കൂട്ടറിന്റെ ബ്രേക്ക് പിടിച്ചപ്പോള്‍ വിഷപ്പാമ്പ് തലപൊക്കി പുറത്തേക്ക്; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്
കാസര്‍ഗോഡ്: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന്റെ ബ്രേക്ക് പിടിച്ചപ്പോള്‍ വിഷപ്പാമ്പ് തലപൊക്കി പുറത്തേക്ക് എത്തിയത് പരിഭ്രാന്തി പരത്തി. തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. നെഹ്റു കോളജിലെ ചരിത്ര വിഭാഗം അദ്ധ്യാപികയായ ഷറഫുന്നിസ ഓടിച്ച വണ്ടിയിലാണ് പാമ്പിനെ കണ്ടത്. തൈക്കടപ്പുറത്തെ വീട്ടില്‍ നിന്ന് കോളേജിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷറഫുന്നിസയുടെ സ്‌കൂട്ടറിന്റെ ഉള്ളില്‍ നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്.
ബ്രേക്ക് ചെയ്യുന്നതിനിടെയാണ് സ്‌കൂട്ടറിന്റെ വലത് ഭാഗത്തെ ബ്രേക്കിന്റെ ഇടയിലൂടെ വിഷപ്പാമ്പ് തലപൊക്കി പുറത്തേക്ക് വന്നത്. ഒരു നിമിഷം പകച്ചുപോയ ഷറഫുന്നിസ ധൈര്യം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ വണ്ടി റോഡിന് സമീപത്ത് ഒതുക്കി. വലത് ബ്രേക്ക് പിടിച്ചാല്‍ പാമ്പിന് പരിക്കേല്‍ക്കുകയും അത് കടിക്കുമെന്നും മനസിലാക്കി അവര്‍ ഇടത് ബ്രേക്ക് മാത്രം ഉപയോഗിച്ചാണ് വാഹനം സുരക്ഷിതമായി നിര്‍ത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെക്കാനിക്ക് എത്തി സ്‌കൂട്ടറിന്റെ ബോഡി മാറ്റിയപ്പോഴാണ് അകത്ത് ഒളിച്ചിരുന്ന വലിയ വിഷപ്പാമ്പിനെ കണ്ടെത്തിയത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്തെ വിടവിലൂടെയാവാം പാമ്പ് അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.