കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മമ്മൂട്ടി വിശിഷ്ടതിഥി
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി വിശിഷ്ടതിഥിയായി. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ അണിനിരന്നു. ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധനം, സാര്‍വത്രിക വിദ്യാഭ്യാസം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത രാജ്യം അതിശയത്തോടെ നോക്കിക്കണ്ട കേരള മാതൃകകളില്‍ ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടവും.
രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനമാണ് നാലുവര്‍ഷത്തെ കഠിനപ്രയ്തനത്തിലൂടെ ഫലപ്രാപ്തിയിലെത്തുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുള്ള കേരള വികസനമാതൃകയുടെ തെളിവുകൂടിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം. കേരളത്തെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേരളപ്പിറവി ദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തലാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. 2021-ല്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ന്റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.
എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിദരിദ്രരില്ലാത്ത രാജ്യമായ ചൈനയും പ്രഖ്യാപനത്തില്‍ കേരളത്തെ അഭിനന്ദിച്ചിരുന്നു.