സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ സൈ ഹണ്ട് ഓപറേഷന്‍; താനൂരില്‍ ഒമ്പതുപേര്‍ പിടിയില്‍

Update: 2025-11-01 14:00 GMT

താനൂര്‍ : സൈബര്‍ തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന സൈ ഹണ്ട് ഓപറേഷനില്‍ താനൂരില്‍ ഒമ്പതുപേര്‍ പിടിയില്‍. എളാരംകടപ്പുറം തയ്യില്‍പറമ്പില്‍ റിസാന്‍ (18), കാട്ടിലങ്ങാടി കളത്തില്‍കണ്ടി അക്ഷയ് (20), പുതിയകടപ്പുറം കണ്ണപ്പന്റെ പുരക്കല്‍ ഷംസുദ്ദീന്‍ (25), മൂന്നുപള്ളി കുഞ്ഞിന്റെ പുരക്കല്‍ മുഹമ്മദ് ഷംസീര്‍ (25), ഓമച്ചപ്പുഴ തെക്കന്‍വീട്ടില്‍ റഹീബ് (42), ഒട്ടുമ്പുറം കോയിക്കല്‍ അസീസ് (33), കാട്ടിലങ്ങാടി നെല്ലിക്കപ്പറമ്പില്‍ മുഹമ്മദ് അര്‍ഷിദ് (22), താനൂര്‍ രായിന്‍ പരീച്ചിന്റെ പുരക്കല്‍ ഷഹര്‍സദ് (21), ഒഴൂര്‍ കുറുവട്ടിശ്ശേരി അടിപറമ്പത് താഹിര്‍അലി (32) എന്നിവരാണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്.

സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് കൊടുത്തവര്‍, കമീഷന്‍ വാങ്ങി പണം പിന്‍വലിച്ചു കൊടുത്തവര്‍, പണം സ്വീകരിച്ച് എത്തിച്ചു കൊടുക്കുന്ന ഏജന്റുമാര്‍ തുടങ്ങി പണം വന്‍ തോതില്‍ യുഎസ് ഡോളറാക്കി മാറ്റുന്നവരടക്കം കഴിഞ്ഞ ദിവസം താനൂരില്‍ നടന്ന പരിശോധനയില്‍ പിടിയിലായി. വ്യാഴം രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് വെള്ളി പുലര്‍ച്ചെ വരെ നീണ്ടു. പിടിയിലായവരില്‍ നിന്നും നിരവധി ബാങ്ക് പാസ്ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

താനൂരില്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലായാണ് ഒമ്പത് പേര്‍ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ സിഐ കെ ടി ബിജിത്ത്, എസ്‌ഐമാരായ എന്‍ ആര്‍ സുജിത്, സുകീഷ്‌കുമാര്‍, ഇസ്മായില്‍, എഎസ്‌ഐമാരായ കെ സലേഷ്, അനില്‍, നിഷ സെബാസ്റ്റ്യന്‍, ദൃശ്യ, രേഷ്മ, രമ്യ, സുധി സുന്ദര്‍, പ്രജീഷ്, അനില്‍കുമാര്‍, പ്രബീഷ്, ജിതിന്‍, വിപീഷ്, അനീഷ് തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്. ഒമ്പത് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News