നെടുങ്കണ്ടം കമ്പംമെട്ട് നിരപ്പേക്കടയില്‍ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; 83കാരിയായ പ്രതിയും മരിച്ചു
ഇടുക്കി : നെടുങ്കണ്ടം കമ്പംമെട്ട് നിരപ്പേക്കടയില്‍ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ വയോധികയും മരിച്ചു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മ (83)യാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഇൗറ്റപ്പുറത്ത് സുകുമാരനാണ് (63) ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുകുമാരന്റെ പിതൃസഹോദരിയാണ് തങ്കമ്മ. കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
ഒറ്റയ്ക്കാണ് സുകുമാരന്‍ താമസിച്ചിരുന്നത്. ഭാര്യയും മക്കളും വിദേശത്താണ്. തങ്കമ്മ സംഭവമുണ്ടായതിനു രണ്ടാഴ്ച മുമ്പാണ് സുകുമാരന്റെ വീട്ടിലെത്തിയത്. തങ്കമ്മ സ്വര്‍ണം പണയംവച്ച് സുമാരന് പണം നല്‍കിയിരുന്നു. ചികിത്സയുടെ ആവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ടും നല്‍കിയിരുന്നില്ല. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
റബര്‍ ഷീറ്റ് തയ്യാറാക്കാനുള്ള ആസിഡാണ് ഒഴിച്ചതെന്നാണ് കരുതുന്നത്. ഇരുവരുടെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളുമാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്ത് ഗുരുതരമായി പൊളളലേറ്റ സുകുമാരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ? ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ തങ്കമ്മ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.