സ്‌കൂള്‍ വിദ്യാര്‍ഥിയായ 16കാരന്‍ അലക്ഷ്യമായി കാറോടിച്ചത് ഞാറയ്ക്കല്‍ മുതല്‍ ചെറായി വരെ; കാറുടമയ്‌ക്കെതിരെ നടപടി വരും

Update: 2025-11-01 14:07 GMT

വൈപ്പിന്‍: എറണാകുളം ഞാറയ്ക്കലില്‍ അലക്ഷ്യമായി കാറോടിച്ച് പതിനാറ് വയസുകാരന്റെ പരാക്രമത്തില്‍ വിശദ അന്വേഷണത്തിന് പോലീസ്. ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് പലരും അപകടത്തില്‍നിന്ന് രക്ഷപെട്ടത്. കാര്‍ അശ്രദ്ധമായി ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറയ്ക്കല്‍ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. കാറുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഞാറയ്ക്കല്‍ മുതല്‍ ചെറായി വരെയുള്ള റോഡിലായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിയായ 16കാരന്‍ അലക്ഷ്യമായി കാറോടിച്ചത്. വിദ്യാര്‍ഥിയെ തടയാന്‍ ശ്രമിച്ച ബൈക്ക് യാത്രികനും മറിഞ്ഞുവീണു. ഇതിനിടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയും ഇടിച്ചുതെറിപ്പിച്ചത്. ഇവര്‍ ചികിത്സയിലാണ്. കാറില്‍ വിദ്യാര്‍ഥിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

Similar News