സംസ്ഥാനത്ത് നെല്ലുസംഭരണം തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണ തോതിലാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍; മില്ലുടമകള്‍ സഹകരിച്ചില്ലെങ്കില് നേരിട്ട് ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണ തോതിലാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍. രണ്ട് മില്ലുടമകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടന്‍ സംഭരണം തുടങ്ങും.
മറ്റ് മില്ലുടമകളുമായി ചര്‍ച്ച തുടരുന്നെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. മില്ലുടമകളുടെ സംഘടനകള്‍ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പ്രതിസന്ധി മാറിയില്ലെങ്കില്‍ സിവില്‍ സ്പ്‌ളൈസ് നേരിട്ട് ഏറ്റെടുക്കും.
കൊയ്ത നെല്ല് കരയ്ക്ക് കയറ്റിയിട്ട് കണ്ണീര്‍ക്കഥകളാണ് നെല്‍ക്കര്‍ഷകര്‍ക്ക് പറയാനുള്ളത്. ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു. ചില മില്ലുടമകള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.