തൊഴില്‍ തട്ടിപ്പിനിരയായി തായ്‌ലാന്റില്‍ കുടുങ്ങിയ 578 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു; രക്ഷപ്പെട്ട് എത്തിയവരില്‍ 15പേര്‍ മലയാളികള്‍

Update: 2025-11-11 10:53 GMT

തിരുവനന്തപുരം: തൊഴില്‍തട്ടിപ്പിനിരയായി തായ്‌ലാന്റില്‍ കുടുങ്ങിയ 578 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. തായ്‌ലന്റിലെ മെയ് സോട്ടില്‍ നിന്നും നവംബര്‍ ആറിനും പത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിലെത്തിച്ചത്. ഇതില്‍ 15 പേര്‍ മലയാളികളാണ്. 14 പേരെ ഇന്ന് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. ആദ്യ വിമാനത്തിലെത്തിയ ഒരാളെ കഴിഞ്ഞദിവസം നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചിരുന്നു.

ഒക്ടോബറില്‍ മ്യാന്‍മാര്‍ സൈന്യം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ കെ കെ പാര്‍ക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാര്‍ അതിര്‍ത്തി കടന്ന് തായാലന്റിലെത്തിയത്. അനധികൃതമായി പ്രവേശിച്ചതിന് തായാലന്റ് അധികൃതരുടെ പിടിയിലുവുകയായിരുന്നു. തുടര്‍ന്ന് ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുടേയും ചിയാങ്ങ് മായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലില്‍ തായ്ലന്‍ഡ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി മ്യാന്‍മാര്‍ തായലന്റ് അതിര്‍ത്തി മേഖലയിലെത്തി സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചൂതാട്ടം, കളളപ്പണ ഇടപാടുകള്‍, ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവ ഉള്‍പ്പെടെ ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ സൈന്യം കെ കെ പാര്‍ക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡില്‍ 445 വനിതകള്‍ ഉള്‍പ്പെടെ 2200 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Similar News