'ജനഗണമന അധിനായക ജയഹേ' എന്ന വരിക്ക് പകരം 'ജനഗണമംഗള'! കെപിസിസി ആസ്ഥാനത്ത് വീണ്ടും പിഴവ്; ദേശീയഗാനം തെറ്റിച്ചു പാടി കോണ്‍ഗ്രസ് നേതാക്കള്‍; വിമര്‍ശനം ശക്തം

Update: 2025-12-28 07:25 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ 140-ാം വാര്‍ഷികാഘോഷം നടക്കുന്ന കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം ആലപിക്കുന്നതിനിടെ നേതാക്കള്‍ക്ക് ഗുരുതരമായ തെറ്റ് പറ്റി. പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം ആലപിച്ചപ്പോള്‍ ആദ്യ വരി തന്നെ തെറ്റിച്ചാണ് പാടിയത്. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍, ദീപാ ദാസ് മുന്‍ഷി തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് ഈ പിഴവ് സംഭവിച്ചത്. 'ജനഗണമന അധിനായക ജയഹേ' എന്ന വരിക്ക് പകരം 'ജനഗണമംഗള' എന്നാണ് നേതാക്കള്‍ പാടിയത്.

ദേശീയഗാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിണയുന്ന രണ്ടാമത്തെ വലിയ അമളിയാണിത്. നേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിലും ദേശീയഗാനം തെറ്റായി ആലപിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാലോട് രവി ആലപിച്ച അതേ തെറ്റായ രീതി തന്നെയാണ് ഇന്നും ആവര്‍ത്തിച്ചത്. പ്രത്യേകിച്ചും അന്നത്തെ സംഭവത്തില്‍ പാര്‍ടിക്കുള്ളില്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍, വീണ്ടും ഇതേ പിഴവ് സംഭവിച്ചത് കോണ്‍ഗ്രസിന് നാണക്കേടായി മാറിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരിഹാസവും വിമര്‍ശനവും ശക്തമായിരിക്കുകയാണ്.

Similar News