ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡിന്റെയും മന്ത്രിയുടെയും പങ്ക് അന്വേഷിക്കണം; സ്വര്‍ണക്കൊള്ളയിലെ സുഭാഷ് കപൂര്‍ ആരാണെന്നു കണ്ടെത്തണമെന്ന് പിസി. വിഷ്ണുനാഥ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ സുഭാഷ് കപൂര്‍ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുഭാഷ് കപൂര്‍പോലുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര ക്ഷേത്ര കലാ കൊള്ളക്കാരന്റെ പ്രവര്‍ത്തനങ്ങളുമായി ശബരിമലയിലെ കൊള്ളയ്ക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ ശബരിമലയിലെ സുഭാഷ് കപൂര്‍ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നിലവില്‍ ഏതാനും ഉദ്യോഗസ്ഥരില്‍ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, മന്ത്രി എന്നിവര്‍ ഉള്‍പ്പെട്ട സംഘടിത കൊള്ളയിലേക്ക് അന്വേഷണം എത്താത്ത പശ്ചാത്തലത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ളിയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസി നവം 12ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിലവിലുള്ള ബോര്‍ഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതിയുടെ വിധിയില്‍ തന്നെ വ്യക്തമാണ്. 3.9.2024ല്‍ സെക്രട്ടറിക്ക് തിരുവാഭരണം കമ്മീഷണര്‍ അയച്ച കത്തില്‍ ദ്വാരപാലക ശില്പങ്ങളില്‍ കേടുപാടുകളുണ്ടെന്നും സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താന്‍ പദ്ധതി തയാറാക്കി. എന്നാല്‍ 2024ല്‍ സീസണ്‍ ആരംഭിക്കുന്നതിനുമുമ്പ് അറ്റകുറ്റപ്പണി നടത്തിയില്ല. അടിയന്തരസ്വഭാവം വ്യാജമായിരുന്നെന്നു വ്യക്തം.
2025ല്‍ വീണ്ടും അടിയന്തരസാഹചര്യം പുന:സൃഷ്ടിച്ച് ബോര്‍ഡ് ദ്വാരപാലക ശില്പങ്ങളെ അറ്റകുറ്റപ്പണിക്ക് അയച്ചു. ക്ഷേത്രപരിസരത്തുനിന്ന് പവിത്രമായ കലാവസ്തുക്കള്‍ മാറ്റുന്നതിന് വ്യക്തമായ കോടതി വിലക്ക് ഉണ്ടെന്ന് ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്നതാണ്. സന്നിധാനത്തുവച്ചുതന്നെ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബോര്‍ഡിന് 2025 ജനുവരി മുതല്‍ 2025 നവംബര്‍ വരെ സമയം ഉണ്ടായിരുന്നു. കോടതിയുടെ ഉത്തരവുകളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും സമയവും സാവകാശവും ഉണ്ടായിട്ടും അവയെ പൂര്‍ണമായി ലംഘിച്ചുകൊണ്ടാണ് 2025ല്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണക്കൊള്ളയുമായി മുന്നോട്ടുപോയത്. അന്നത്തെ ബോര്‍ഡും ദേവസ്വം മന്ത്രിയുമൊക്കെ സ്വര്‍ണക്കൊള്ളയില്‍ പങ്കാളികളാണെന്നു വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
12ന് രാവിലെ പത്തിന് സെക്രട്ടേറിയറ്റ് മാര്‍ച്ച് ആശാന്‍ സ്‌ക്വയറില്‍നിന്ന് ആരംഭിക്കും. സെക്രട്ടേറിയറ്റ് ധര്‍ണ രാവിലെ 11ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, എംഎം ഹസന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, കെഎസ് ഗോപകുമാര്‍, ആര്‍ ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
