മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്; ഒ.പി ബഹിഷ്‌ക്കരിക്കും: അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും
മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച സമ്പൂര്‍ണ പണിമുടക്ക് നടത്തും. അത്യാവശ്യ സേവനങ്ങള്‍ അല്ലാതെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.
ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ എന്നിവയും ബഹിഷ്‌കരിക്കും. അതേസമയം കിടത്തിച്ചികിത്സ, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയവയ്ക്ക് തടസ്സമുണ്ടാകില്ല.
മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നെങ്കിലും കൃത്യമായ ഉറപ്പ് ലഭിച്ചില്ലെന്നും ധനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ടി. രോസ്നാരാ ബീഗവും ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസും അറിയിച്ചു.
21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് നിര്‍വഹിക്കും.