എസ്ഐആര്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ അവിടെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു; സ്‌റ്റേ നല്‍കിയില്ല; അന്തിമ വിധി നാളെ

Update: 2025-11-13 07:40 GMT

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയാകുമോ? എസ്ഐആര്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ അവിടെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ എതിര്‍ത്തു. എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇതു നടപ്പാക്കാതിരിക്കാനാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ വാദിച്ചു. ഹര്‍ജിയില്‍ നാളെ വിധി പറയാമെന്ന് ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒരേ സമയത്താണ് നടക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എസ്‌ഐആറിന്റെ സാധുതയെ നിലവില്‍ എതിര്‍ക്കുന്നില്ല. മേയ് മാസത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തിരക്കുപിടിച്ച് എസ്‌ഐആര്‍ നടപ്പിലാക്കേണ്ട കാര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഇതു നടത്തുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ ആവശ്യത്തെ എതിര്‍ത്തു. നടപടികള്‍ നീട്ടിവയ്ക്കണം എന്നാല്‍ പരോക്ഷമായി എസ്‌ഐആര്‍ തടസപ്പെടുത്തുകയാണ്. ചില രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും സംഘടനകളും എസ്‌ഐആര്‍ നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ നീട്ടി വച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ അതിന്റെ പേര് പറഞ്ഞ് വീണ്ടും തടസപ്പെടുത്താന്‍ നോക്കും. യഥാര്‍ഥത്തില്‍ എസ്‌ഐആര്‍ നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണിതെന്നും വാദിച്ചു.

Similar News