ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കേസില്‍ നാലാം പ്രതി
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസിലെ പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. ദ്വാരപാലകപാളി കേസിലെ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ശബരിമല ശ്രീകോവിലിലെ സ്വര്‍ണം ആസൂത്രിതമായി കവര്‍ന്ന കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍.വാസു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനിട്ട്‌സില്‍ എഴുതിയത്. അതേസമയം, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കാം എന്നാണ് റിപ്പോര്‍ട്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കാട്ടിയാണ് എസ്. ജയശ്രീ സെഷന്‍സ് കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. നേരിട്ടു സമീപിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, സെഷന്‍സ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നുമാണ് സെഷന്‍സ് കോടതിയിലെ ഹര്‍ജിയില്‍ ജയശ്രീ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോര്‍ഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയില്‍ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവര്‍ത്തിച്ചു.
