സിപിഎം -ബിജെപി ഡീല്‍ ആരോപണം; ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനെ പുറത്താക്കി; പരസ്യ പ്രതികരണത്തിന് പിന്നാലെ നടപടിയുമായി സിപിഎം

Update: 2025-11-13 12:28 GMT

തിരുവനന്തപുരം: ചെമ്പഴന്തിയില്‍ സിപിഎം -ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തിയ ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനെ പുറത്താക്കി. പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് നടപടി.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കിയാണ് പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്ത് വന്നത്. ജയ സാധ്യത കുറഞ്ഞ സ്ഥാനാര്‍ഥികളെ നിര്‍ത്തി കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയെന്നായിരുന്നു ആനി അശോകന്റെ വെളിപ്പെടുത്തല്‍. പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍ പറഞ്ഞു. കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് കരുനീക്കങ്ങള്‍ക്ക് പിന്നിലെന്നും ആരോപിച്ചു.

അതേസമയം, ജയിക്കാന്‍ ഒരു ഡീലിന്റെയും ഭാഗമായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളോടാണ് ഡീലെന്നും ചെമ്പഴന്തിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ തനിക്ക് റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനാരോപണം കടകംപള്ളിക്ക് എതിരെ ഉന്നയിച്ചാണ് ലോക്കല്‍ കമ്മിറ്റി അംഗം ശ്രീകണ്ഠന്‍ ഉള്ളൂരില്‍ വിമത സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്നത്. വാഴോട്ടുകോണം വാര്‍ഡില്‍ തഴഞ്ഞതോടെ പാര്‍ട്ടിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം കെ വി മോഹനനും രംഗത്തുവന്നു.

Similar News