മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രീലങ്കയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു; അനുകൂല കാലാവസ്ഥയില്‍ തിരിച്ചു മടക്കം

Update: 2025-11-19 08:23 GMT

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രീലങ്കയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. മിഡില്‍ ഈസ്റ്റില്‍ നിന്ന് കൊളംബോയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

ഇസ്താംബൂളില്‍ നിന്നുള്ള തുര്‍ക്കി എയര്‍ലൈന്‍സ് വിമാനവും സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനവുമാണ് വഴിതിരിച്ചുവിട്ടത്. തുര്‍ക്കി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 258 യാത്രക്കാരും 10 ജീവനക്കാരുമുണ്ടായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ 188 പേരാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്നത്.

രണ്ട് വിമാനങ്ങളും രാവിലെ ഏഴോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് തുര്‍ക്കി എയര്‍ലൈന്‍സിന്റെ വിമാനം രാവിലെ 8.38 നും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം 8.48 നും കൊളംബോയിലേക്ക് പുറപ്പെട്ടതായി ടിയാല്‍ അറിയിച്ചു.

Similar News