'എന്നെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് വീട്ടില്‍ വന്ന് പറഞ്ഞു; പിറ്റേ ദിവസം ഭാര്യ വന്നു പറയുന്നു, അവളെയും സ്ഥാനാര്‍ഥിയാക്കിയെന്ന്; ഞാന്‍ ഞെട്ടിപ്പോയി'; പയ്യന്നൂരില്‍ സി.പി.എം സ്ഥാനാര്‍ഥികളായി ഭാര്യയും ഭര്‍ത്താവും

Update: 2025-11-20 06:20 GMT

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഭാര്യയും ഭര്‍ത്താവും സി.പി.എം സ്ഥാനാര്‍ഥികള്‍. പയ്യന്നൂര്‍ നഗരസഭയിലെ കൊറ്റിയിലും തായ്‌നേരി വെസ്റ്റിലുമാണ് മൊയ്തീന്‍ കുട്ടി- ഖമറു ദമ്പതികളെ സി.പി.എം കളത്തിലിറക്കിയത്. മുസ്‌ലിം ലീഗിന്റെ കുത്തക സീറ്റായ തായിനേരി പിടിച്ചെടുക്കാനാണ് ഖമറുവിനെ രംഗത്തിറക്കിയതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഇരുവരും സി.പി.എം ബ്രാഞ്ച് അംഗങ്ങള്‍ കൂടിയാണ്.

ഡ്രൈവറായ മൊയ്തീന്‍ കുട്ടിയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യം ഇടംപിടിച്ചത്. പുതുതായി രൂപീകരിച്ച കൊറ്റി വാര്‍ഡിലാണ് കുഞ്ഞുട്ടി എന്ന് വിളിപ്പേരുള്ള മൊയ്തീന്‍ കുട്ടി മത്സരിക്കുന്നത്. 'എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഞാന്‍ വീട്ടില്‍ വന്ന് സന്തോഷത്തോടെ പറഞ്ഞു. പിറ്റേ ദിവസം ഭാര്യ വന്നു പറയുന്നു, എന്നെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു വീട്ടില്‍ നിന്ന് രണ്ടാള് സ്ഥാനാര്‍ഥിയാകുന്നത് ഞാന്‍ കേട്ടിട്ടില്ല. പാര്‍ട്ടി പറയുന്നതായതുകൊണ്ട് നമ്മള്‍ ഉള്‍ക്കൊണ്ടു' -മൊയ്തീന്‍ കുട്ടി പറയുന്നു.

തന്നെ സ്ഥാനാര്‍ഥിയാക്കിയത് പെട്ടെന്നാന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് ഖമറു പറഞ്ഞു. 'കുറച്ചു പ്രയാസം ഉണ്ടായിരുന്നു. പിന്നെ കുഞ്ഞുട്ടിക്കയുടെ ഫുള്‍ സപ്പോര്‍ട്ട് ഉണ്ട്. നമ്മുടെ ബ്രാഞ്ചിലെ എല്ലാവരുടെയും നാട്ടുകാരുടെയും സപ്പോര്‍ട്ട് ഉണ്ട്. അവരാണല്ലോ നമ്മളെ വിജയിപ്പിക്കേണ്ടത്. വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ട്' -ഖമറു പറഞ്ഞു.

Similar News