അനുനയ നീക്കം ഫലം കണ്ടില്ല, കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമതര്‍; സിപിഐക്കും വിമത ഭീഷണി
ഇടുക്കി: ഇടുക്കി കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമതര്‍. നഗരസഭയിലെ 6, 23,31, 33, ഡിവിഷനുകളിലാണ് വിമതര്‍ മത്സരിക്കുന്നത്. 10 ഡിവിഷനുകളില്‍ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആറ് പേര്‍ പത്രിക പിന്‍വലിച്ചു. അതേ സമയം കുമളി പഞ്ചായത്തിലെ നൂലാംപാറ വാര്‍ഡില്‍ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളിയും വിമതനായി രംഗത്തുണ്ട്.
ആറാം വാര്‍ഡില്‍ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാര്‍ഡ് 24ല്‍ മുന്‍ വൈസ് ചെയര്‍മാന്‍ കെജെ ബെന്നിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും.
33 ആം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാര്‍ഡ് 31 ല്‍ കേരള കോണ്‍ഗ്രസിലെ മേഴ്‌സികുട്ടി ജോസഫിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും മത്സരിക്കും. കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍. നെടംകണ്ടം പഞ്ചായത്തിലെ 16 ആം വാര്‍ഡിലും രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലും മുസ്ലീംലീഗ് അംഗങ്ങള്‍ സ്വതന്ത്രരായി മത്സരിക്കും.