രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; അഞ്ച് പ്രതികളുടെ ജീവപര്യന്തം തടവ് ശരിവെച്ച് ഹൈക്കോടതി: രണ്ട് പ്രതികളെ വെറുതേ വിട്ടു
രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; അഞ്ച് പ്രതികളുടെ ജീവപര്യന്തം തടവ് ശരിവെച്ച് ഹൈക്കോടതി
കൊച്ചി: രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. അതേസമയം ആറും ഏഴും പ്രതികളെ വെറുതേ വിടുകയും ചെയ്തു. കൊല്ലം അഡീ. സെഷന്‍സ് കോടതി ഉത്തരവിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സനെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടില്‍ കൊണ്ടുപോയി മറവുചെയ്യുക ആയിരുന്നു
കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ കണ്ണനല്ലൂര്‍ വാലിമുക്ക് പുതിയ വീട്ടില്‍ മനോജ് (പാമ്പ് മനോജ്), നെടുങ്ങോലം കച്ചേരിവിള രഞ്ജിത്ത് (കാട്ടുണ്ണി), പൂതക്കുളം പാണാട്ടുചിറയില്‍ ബൈജു (കൈതപ്പുഴ ഉണ്ണി), വടക്കേവിള ന്യൂനഗര്‍ തോട്ടിന്‍കര പ്രണവ് (കുക്കു), കോണത്തു വടക്കതില്‍ വിഷ്ണു എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ശരിവെച്ചത്. ആറാംപ്രതി കിളികൊല്ലൂര്‍ പവിത്രനഗര്‍ വിനീത മന്ദിരത്തില്‍ വിനേഷ്, ഏഴാം പ്രതി വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് എന്നിവരെയാണ് മതിയായ തെളിവില്ലാത്തതിനാല്‍ ജീവപര്യന്തം തടവ് റദ്ദാക്കി വെറുതേ വിട്ടത്.
2018 ഓഗസ്റ്റ് 15-നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി മനോജിന്റെ ഭാര്യ രഞ്ജിത്തിനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രാവിനെ വാങ്ങാനെന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചു കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ തമിഴ്‌നാട് തിരുനെല്‍വേലിക്കു സമീപമുള്ള സ്ഥലത്ത് എത്തിച്ച് മറവുചെയ്തു.
കൊല്ലം കിളികൊല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തി മൃതദേഹം വീണ്ടെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. വിചാരണക്കോടതി ഏഴ് പ്രതികളെയും ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു. കുറഞ്ഞത് 25 വര്‍ഷം തടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശം വിചാരണക്കോടതിയുടെ അധികാരം മറികടന്നുള്ള നടപടിയായി വിലയിരുത്തി ഹൈക്കോടതി ഒഴിവാക്കി.
കേസിലെ രണ്ടാംപ്രതി കച്ചേരിവിള രഞ്ജിത്ത് (കാട്ടുണ്ണി) നെടുമങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളാണ്. വധശിക്ഷ ശരിവയ്ക്കാനുള്ള റഫറന്‍സും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ്.യു. നാസര്‍, സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ആര്‍. രഞ്ജിത് എന്നിവരാണ് ഹാജരായത്.
