സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാളെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഇന്ന് നിലവില്‍ മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നാളത്തേക്ക് (ഡിസംബര്‍ 3) നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുകളുള്ളത്. ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം.
ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം തമിഴ്നാട്ടില്‍ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.