കൊച്ചിയില്‍ കൗണ്‍സിലര്‍മാരെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി; ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അജയ് തറയില്‍
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ വെട്ടി വി.കെ. മിനിമോളെ നിശ്ചയിച്ചതിന് പിന്നില്‍ ഗ്രൂപ്പ് നേതാക്കളുടെ ഭീഷണിയാണെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന നേതാവ് അജയ് തറയില്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി കൊച്ചിയില്‍ നടന്നത് ഒരു 'കാളരാത്രി'യാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഭീഷണിപ്പെടുത്തി മാറ്റിച്ചു കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷ അഭിപ്രായം അട്ടിമറിക്കപ്പെട്ടുവെന്ന് അജയ് തറയില്‍ പറയുന്നു. ഗ്രൂപ്പ് നേതാക്കള്‍ കൗണ്‍സിലര്‍മാരുടെ വീടുകളില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയാണ് നിലപാട് മാറ്റിച്ചത്. കെപിസിസി ചുമതലപ്പെടുത്തിയ താന്‍ പോലും ഒന്നും അറിഞ്ഞിട്ടില്ലെന്നും കോര്‍പ്പറേഷന്‍ തലത്തിലുള്ള കോര്‍ കമ്മിറ്റി കൂടാതെയാണ് മേയറെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മിനിമോളെ തിരഞ്ഞെടുത്തതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല.
ഗ്രൂപ്പിന്റെ അതിപ്രസരം കൊച്ചിയില്‍ ഗ്രൂപ്പ് രാഷ്ട്രീയം തിരമാല പോലെ ആഞ്ഞടിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഓരോ ഗ്രൂപ്പ് നേതാക്കളും തങ്ങളുടെ പക്ഷത്ത് നില്‍ക്കാന്‍ കൗണ്‍സിലര്‍മാരെ നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നു. ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഏകപക്ഷീയമായാണ് പെരുമാറിയതെന്നും കൊച്ചിയില്‍ മാത്രമാണ് ഗ്രൂപ്പിന്റെ ഇത്തരം അതിപ്രസരം കാണുന്നതെന്നും അജയ് തറയില്‍ തുറന്നടിച്ചു.