കണ്ണൂരിലെ സിപിഎം നേതൃത്വം രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണം; ടി .ഐ മധുസൂദനന്‍ എംഎല്‍എയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉന്നത നേതാക്കള്‍ ഇടപെട്ട് അത് ഒതുക്കി: കെ സുധാകരന്‍ എംപി
കണ്ണൂരിലെ സിപിഎം നേതൃത്വം രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണം; ടി .ഐ മധുസൂദനന്‍ എംഎല്‍എയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉന്നത നേതാക്കള്‍ ഇടപെട്ട് അത് ഒതുക്കി: കെ സുധാകരന്‍ എംപി
കണ്ണൂര്‍ :പയ്യന്നൂരില്‍ രക്തസാക്ഷിഫണ്ട് മുക്കിയ സംഭവത്തില്‍ എംഎല്‍എ ടി .ഐ മധുസൂദനനടക്കമുള്ള നേതാക്കള്‍ക്ക് സംരക്ഷക കവചം തീര്‍ക്കുന്ന കണ്ണൂരിലെ സിപിഎം നേതൃത്വം കേരളത്തിലെ രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ .സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
രക്തസാക്ഷികളുടെ ഫോട്ടോ വെച്ച് വോട്ട് പിടിച്ച് എംഎല്‍എ യായ വ്യക്തി തന്നെ രക്തസാക്ഷി ഫണ്ട് മുക്കിയ സംഭവം കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണ് . സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും രക്തസാക്ഷികളുടെ പേരില്‍ പിരിച്ച ഫണ്ട് എംഎല്‍എയുടെയും കൂട്ടാളികളുടെയും അക്കൗണ്ടില്‍ എത്തിയതിന്റെ നിജസ്ഥിതി കേരളത്തിലെ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത് പ്രതിപക്ഷ പാര്‍ട്ടിക്കാരല്ല, മറിച്ച് സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവാണ്. സി പി എം എന്ന പാര്‍ട്ടി ഇന്ന് എത്തി നില്‍ക്കുന്ന അപചയമാണ് ഈ സംഭവം വെളിവാക്കുന്നത്.
ടി .ഐ മധുസൂദനന്‍ എംഎല്‍എയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉന്നത നേതാക്കള്‍ ഇടപെട്ട് അത് ഒതുക്കിയത് , മുക്കിയ ഫണ്ടിന്റെ വിഹിതം സംസ്ഥാന നേതാക്കന്മാരും പങ്കിട്ടെടുത്തതിന്റെ തെളിവാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ചതിലൂടെ തെല്ലും ഉളുപ്പില്ലാത്ത പാര്‍ട്ടിയായി സിപിഎം അധ:പതിച്ചു. ഫണ്ട് മുക്കല്‍ പുറത്തുകൊണ്ടുവന്നത് വെറുമൊരു കുഞ്ഞികൃഷ്ണന്‍ മാത്രമാണെന്ന് ധരിക്കരുത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതൃത്വത്തിലെ പല പ്രഗത്ഭരും ഈ വെളിപ്പെടുത്തലിന് പിന്നിലുണ്ട് . അധികം താമസിയാതെ അണിയറയിലെ സിപിഎം പ്രഗത്ഭര്‍ മറനീക്കി പുറത്തുവരും .
ഫണ്ട് മുക്കിയതിന്റെ ജാള്യത മറക്കാനാണ് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാക്കന്മാരെയും , പ്രവര്‍ത്തകരെയും സി.പി.എം ഗുണ്ടകള്‍ ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചത്. ഇതുകൊണ്ടൊന്നും ഫണ്ട് മുക്കിയ സംഭവത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല . എന്തിനും ഏതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കെതിരെ കേസെടുത്ത് ജയിലടക്കുന്ന പിണറായി പോലീസ് എന്തുകൊണ്ടാണ് ഫണ്ട് മുക്കിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാത്തത് .
അടിയന്തിരമായി പോലീസ് കേസെടുത്ത് അന്വേഷിക്കണം. പയ്യന്നൂരിലെ ഫണ്ട് മുക്കല്‍ സംഭവം കേരളത്തിലെ സിപിഎമ്മിനുള്ള അപായ സൂചനയാണ്. വരും നാളുകളില്‍ കേരളത്തിലെ പല സിപിഎം രക്തസാക്ഷി കുടുംബങ്ങളില്‍ നിന്നും സിപിഎമ്മിനെതിരെ സമാന രീതിയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുവാന്‍ സാധ്യതയുണ്ടെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു.
