സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Update: 2025-12-03 15:32 GMT

തിരുവനന്തപുരം: യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി മോശമായി പെരുമാറിയ കണ്ടക്ടര്‍ക്കാണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ് ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) നെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് മാസം നാലാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

സ്‌കൂളില്‍ പോകുന്നതിനായി ബസ്സില്‍ കയറിയ പതിനാലുകാരിയെ കണ്ടക്ടര്‍ കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാകാം എന്നു കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ വീണ്ടും സ്പര്‍ശിക്കുകയും കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെടുകയും ആയിരുന്നു. സ്‌കൂള്‍ അധികൃതര്‍ ആര്യനാട് പൊലീസില്‍ വിവരം അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഷീന.എല്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

മറ്റാരും ഉപദ്രവിക്കാതെ പെണ്‍കുട്ടികളെ ബസിനുള്ളില്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ബസ് കണ്ടക്ടര്‍ തന്നെ ബസിനുള്ളില്‍ വച്ച് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയത് അതീവ ഗുരുതരമായി കണ്ട് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവര്‍ ഹാജരായി.

Similar News