അര്‍ദ്ധരാത്രിയില്‍ കട്ടിലിനടിയില്‍ ശബ്ദം; ടോര്‍ച്ചടിച്ചപ്പോള്‍ കണ്ടത് പടുകൂറ്റന്‍ രാജവെമ്പാല
അര്‍ദ്ധരാത്രിയില്‍ കട്ടിലിനടിയില്‍ ശബ്ദം; ടോര്‍ച്ചടിച്ചപ്പോള്‍ കണ്ടത് പടുകൂറ്റന്‍ രാജവെമ്പാല
ഇരിട്ടി: ആറളം പുനരധിവാസ മേഖലയില്‍ താമസിക്കുന്ന ദമ്പതിമാരുടെ കിടപ്പുമുറിയിലെ കട്ടിലിനടയില്‍ കയറിക്കൂടിയ കൂറ്റന്‍ രാജവെമ്പാലയെ പിടിച്ചു. അര്‍ദ്ധരാത്രിയില്‍ കട്ടിലിനടിയില്‍ നിന്നും ശബ്ദം കേട്ട ദമ്പതിമാര്‍ ഉണര്‍ന്ന് നോക്കുമ്പോഴാണ് കട്ടിലിനടിയില്‍ കയറി കൂടിയ രാജവെമ്പാലയെ കണ്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്‍-വസന്ത ദമ്പതിമാരുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് രാജവെമ്പാല കയറിക്കൂടിയത്. കട്ടിലിനടിയില്‍നിന്ന് ശബ്ദം കേട്ട് എന്താണെന്നറിയാന്‍ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് കൂറ്റന്‍ രാജവെമ്പാലയാണെന്നറിയുന്നത്. രാവിലെ ഇരുവരും ജോലിക്ക് പോകുന്ന സമയത്ത് കിടപ്പുമുറിയുടെ ജനല്‍പ്പാളികള്‍ തുറന്നുവെച്ചിരുന്നു. ഇതു വഴിയാണ് പാമ്പ് മുറിക്കുള്ളിലേക്ക് കയറിയതെന്ന് സംശയിക്കുന്നു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി സെക്ഷന്‍ താത്കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോടും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമല്‍, വാച്ചര്‍മാരായ ബാബു, അഭിജിത്ത്, മെല്‍ജോ, സജി എന്നിവര്‍ ചേര്‍ന്ന് രാജവെമ്പാലയെ പിടിച്ചു. പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു. ഫൈസല്‍ വിളക്കോട് പിടികൂടുന്ന 101-ാമത് രാജവെമ്പാലയാണ് ഇത്.