അയല്‍വീട്ടില്‍ കയറിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വീട്ടമ്മ; നാട്ടുകാര്‍ക്ക് പാമ്പിനെ പിടികൂടാന്‍ അധികാരമില്ലെന്ന് വനംവകുപ്പ്
പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വീട്ടമ്മ
നീലേശ്വരം: അയല്‍വാസികളുടെ വീട്ടില്‍ കയറിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ചാക്കിലാക്കി വീട്ടമ്മ. കടിഞ്ഞിമുലയിലെ കുടുംബശ്രീ എഡിഎസ് പ്രവര്‍ത്തക ദിവ്യാ പ്രകാശന്‍ ആണ് സ്ത്രീകള്‍ മാത്രം താമസിക്കുന്ന അയല്‍വാസികളുടെ വീട്ടില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.
ശനിയാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. പാമ്പിനെ വീടിനുള്ളില്‍ കണ്ട അയല്‍വാസികള്‍ പേടിച്ച് കരഞ്ഞു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ദിവ്യ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അത് അടുത്ത പറമ്പിലേക്ക് പോയി. പിന്നാലെ എത്തിയ ദിവ്യ പാമ്പിനെ പിടികൂടി. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.
എന്നാല്‍ പാമ്പിനെ പിടികൂടാന്‍ നാട്ടുകാര്‍ക്ക് അധികാരം ഇല്ലെന്നും പിടികൂടിയിട്ടുണ്ടെങ്കില്‍ അതിനെ ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കണമെന്നുമായിരുന്നു വനംവകുപ്പ് അധികൃതരുടെ മറുപടി. ഇത് വീട്ടമ്മ കൂട്ടാക്കിയില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ ഏറ്റുവാങ്ങിയത്.