കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ബസിന്റെ ടയര്‍ കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: 24കാരിയുടെ മരണം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ
ബസിന്റെ ടയര്‍ കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം
എടത്വ: ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് വാഹനാപകടത്തില്‍ ദാരുണമരണം. തലവടി കുന്തിരിക്കല്‍ ചെത്തിപ്പുരയ്ക്കല്‍ സ്‌കൂളിനു സമീപം കണിച്ചേരില്‍ മെറിന (24) ആണു മരിച്ചത്. മെറീനയുടെ ശരീരത്തിലൂടെ സ്വാകാര്യ ബസിന്റെ ടയര്‍ കയറി ഇറങ്ങുക ആയിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ തകഴി കോളമംഗലം മുട്ടേല്‍ കലുങ്കിനു സമീപം വച്ചായിരുന്നു അപകടം.
കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടയില്‍, ഇതിനു പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് വലത്തോട്ട് വെട്ടിക്കുകയും മെറിനയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടുകയുമായിരുന്നു. നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്നും താഴെ വീണ യുവതിയുടെ മുകളില്‍ കൂടി ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.
ബൈക്കുമായി 10 മീറ്ററോളം ബസ് മുന്നോട്ടു പോകുകയും ചെയ്തു. ഇടപ്പള്ളി മാതാ അമൃതാനന്ദമയി ഹോസ്പിറ്റലില്‍ നഴ്‌സാണ് മെറിന്‍. ജോലി കഴിഞ്ഞ് അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം.