രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതം; പരാതിക്ക് പിന്നില്‍ ഒരു 'ലീഗല്‍ ബ്രെയിന്‍'; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും സണ്ണി ജോസഫ്

Update: 2025-12-11 05:32 GMT

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നില്‍ ഒരു 'ലീഗല്‍ ബ്രെയിന്‍' ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു.

പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിലും വിലയിരുത്താം. ആ പരാതി തനിക്ക് കിട്ടിയ സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയിരുന്നു. ആര്‍ക്കാണ് അയക്കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായിട്ട് അറിയാം. എന്നാല്‍, തനിക്ക് അയച്ചു. പരാതി ആസൂത്രിതമായിട്ടുള്ള വെല്‍ ഡ്രാഫ്റ്റഡ് പെറ്റീഷന്‍ എന്നാണ് താന്‍ പറഞ്ഞതെന്നും അത് ആസൂത്രിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിലെ ഇരിട്ടിയില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്നും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയൊരു ജനവിധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി വന്നത് ശബരിമലയിലെ കൊള്ളയില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് ഭരണകക്ഷി നല്‍കുന്ന സംരക്ഷണമാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന അന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കന്മാര്‍ക്കെതിരെ പാര്‍ട്ടി ചെറിയ ഒരു അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. ഗവണ്‍മെന്റും പാര്‍ട്ടിയും ചേര്‍ന്ന് അവരെ സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ട്, ഉന്നതന്മാര്‍ ഇനിയും വരേണ്ടതുണ്ട് എന്ന് ഹൈക്കോടതി വ്യക്തമായ പരാമര്‍ശനം നടത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ആ പ്രതികളിലേക്ക് എത്തിയിട്ടില്ല. നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം തിരികെ പിടിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്.

കൂടുതല്‍ ഉന്നതന്മാര്‍ ഇതില്‍ പ്രതികളാണ് എന്ന് കേരള ഹൈക്കോടതി പറയുന്നുണ്ട്. ജയിലില്‍ കിടക്കുന്ന പല്‍മകുമാറിന്റെ സ്റ്റേറ്റ്‌മെന്റില്‍ ഒരു മുന്‍മന്ത്രി ഉണ്ട് എന്ന് മാധ്യമങ്ങള്‍ പറയുന്നു, അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെട്ട പ്രതികളുടെ പേരില്‍ നടപടി എടുത്താല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തു പറയുകയും അതുവഴി കൂടുതല്‍ നേതാക്കന്മാര്‍ പിടിക്കപ്പെടുകയും ചെയ്യുമെന്ന വലിയ ഭയത്തിലാണ് സിപിഎം ഇപ്പോള്‍ പ്രതികള്‍ ആക്കപ്പെട്ടവരെ പോലും സംരക്ഷിക്കുന്നത്.

ശശി തരൂരിന്റെ സവര്‍ക്കര്‍ അവാര്‍ഡ്, നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് കണ്‍വീനറുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന തുടങ്ങിയ വിഷയങ്ങള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും അതില്‍ ഇരുനേതാക്കളും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.. അടൂര്‍ പ്രകാശന്റെ പരാമര്‍ശനം വന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടൂര്‍ പ്രകാശ് തന്നെ അദ്ദേഹത്തിന്റെ നിലപാടല്ല പാര്‍ട്ടി നിലപാട് എന്ന് പറയുകയും, അദ്ദേഹത്തിന്റെ സ്റ്റേറ്റ്‌മെന്റില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.

Similar News