മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമര്‍ശം അല്‍പ്പത്തരമെന്ന് കെ സുധാകരന്‍; മാങ്കുട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിക്കൊപ്പമെന്നും കണ്ണൂര്‍ എംപി

Update: 2025-12-11 07:48 GMT

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമര്‍ശം അല്‍പ്പത്തരമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്ന് വെച്ചാല്‍ പിന്നെ എന്താണര്‍ഥം എന്നും സുധാകരന്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍, അടൂര്‍ പ്രകാശ് വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച അടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ തന്നെ കവര്‍ച്ചയ്ക്ക് കൂട്ടി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് സിപിഎം നേതാക്കള്‍ ജയിലിലും ആണല്ലൊയെന്നും സുധാകരന്‍ പറഞ്ഞു. കൂടുതല്‍ സിപിഎംകാര്‍ക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്‌പോള്‍ ഇത് വ്യക്തമാകുമെന്നും സുധാകരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും താന്‍ പാര്‍ട്ടി നിലപാട് അംഗീകരിക്കുന്ന ആളാണെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

Similar News