തിരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവർത്തകരുമായി വാക്കേറ്റം; പാലക്കാട് വനിതാ യുഡിഎഫ് സ്ഥാനാർത്ഥിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്
പാലക്കാട്: വണ്ടാഴി പഞ്ചായത്തിലെ കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സജിത വി.പി. സജിതയ്ക്കും ഭർത്താവ് വിപിനും അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. കുഞ്ഞിന്റെ മുഖത്തും ശരീരത്തും പരിക്കുകളുണ്ട്.
ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റ് വിവരങ്ങളും പറഞ്ഞുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്നാണ് യുഡിഎഫ് പ്രവർത്തകർ പരാതിപ്പെടുന്നത്. സംഭവത്തിൽ മംഗലംഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ, പാലക്കാട് കല്ലേക്കാട് കെഎസ്‍യു പ്രവർത്തകനായ മുഹമ്മദ് അജ്മലിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ആക്രമണത്തിൽ അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിരായിരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും, ഇയാൾ ഒളിവിലാണെന്നും പരാതി ഉയർന്നിട്ടുണ്ട്.
ബിജെപിയുടെ പരാജയ ഭീതിയാണ് കല്ലേക്കാട്ടെ സംഘർഷത്തിന് പിന്നിലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി ആരോപിച്ചു. ആദ്യം സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും, തുടർന്ന് രക്ഷതേടി ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നും എം.പി. വ്യക്തമാക്കി. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വി.കെ. ശ്രീകണ്ഠൻ മുന്നറിയിപ്പ് നൽകി.
കാസർകോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രകാശിന്റെ വീടിന് സമീപം നാടൻ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രകാശിന്റെ വീടിന് സമീപത്തുനിന്ന് നാല് നാടൻ ബോംബുകൾ കണ്ടെത്തിയത്. ഇവയിലൊന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പന്നിക്ക് വെക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
