യുവനടന്‍ അഖില്‍ വിശ്വനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ നടന്‍' ; ചോലയും ഓപ്പറേഷന്‍ ജാവയും അടക്കമുള്ള സിനിമകളില്‍ ശ്രദ്ധേയവേഷം
യുവനടന്‍ അഖില്‍ വിശ്വനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍
മറ്റത്തൂര്‍: യുവനടന്‍ അഖില്‍ വിശ്വനാഥിനെ(30) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 2019-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ 'ചോല' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷംചെയ്തു. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ അഖില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോടാലിയില്‍ മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്നു അഖില്‍. കുറച്ച് നാളായി ജോലിക്ക് പോകാറില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ മകന്‍ എഴുനേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സഹോദരന്‍ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിന് ഇരുവര്‍ക്കും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.
അച്ഛന്‍ ചുങ്കാല്‍ ചെഞ്ചേരിവളപ്പില്‍ വിശ്വനാഥന്‍ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അമ്മ: ഗീത കോടാലി വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരഭവനില്‍ ജീവനക്കാരിയാണ്.