തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്; പിണറായിയെ വിമര്‍ശിച്ച് കെസി

Update: 2025-12-14 07:11 GMT

ന്യൂഡല്‍ഹി: തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യുഡിഎഫിന് ലഭിച്ചത്. ഭരണത്തിന്റെ എല്ലാ പ്രയാസങ്ങളും ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നില്‍ക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചാണ് യുഡിഎഫ് വിജയം നേടിയത്. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും അഹോരാത്രം പ്രവര്‍ത്തിച്ചു. പോളിംഗ് ദിവസം വരെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നുവെന്നും ഇതെല്ലാം അതിജീവിച്ച് നേടിയ വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ.സി. പറഞ്ഞു.

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല. കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടില്‍ അണികള്‍ക്ക് വരെ ആശങ്കയുണ്ട്. മോദി സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അവര് നടപ്പിലാക്കും മുന്‍പേ നടപ്പിലാക്കുകയാണ്. തൃശൂര്‍ പാര്‍ലമെന്റിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം മുഖ്യമന്ത്രിയാണ്. പിഎം ശ്രീ, ദേശീയ പാത, ലേബര്‍ കോഡ് എന്നിവയില്‍ മുഖ്യമന്ത്രി എടുത്ത സമീപനം സിപിഎം പ്രവര്‍ത്തകരെ ബിജെപിക്ക് വോട്ട് ചെയ്യിക്കുകയായിരുന്നു. ബിജെപിയോട് സോഫ്റ്റായ സമീപനം നേതാക്കള്‍ക്ക് ആവാമെങ്കില്‍ അണികള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട എന്നാണ് അവര്‍ ചിന്തിച്ചത്.

കേന്ദ്രത്തിന് കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. മോദി സര്‍ക്കാരിന് സറണ്ടര്‍ ചെയ്യുന്ന സമീപനമായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച. കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Similar News