ഓടിവന്ന് സ്ഫോടക വസ്തു എടുത്തെറിഞ്ഞ് ഭീതി വിതച്ചു; ഉഗ്ര ശബ്ദത്തിൽ പ്രദേശം നടുങ്ങി; പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂരിൽ അക്രമ സംഭവങ്ങൾ തുടരുന്നു. പയ്യന്നൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തി. പയ്യന്നൂർ നഗരസഭയിലെ ഒൻപതാം വാർഡിൽ മത്സരിച്ച കാനായി സ്വദേശി പി.കെ. സുരേഷിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. സ്ഫോടക വസ്തു എറിയുന്നതിൻ്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സഹിതം സുരേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പയ്യന്നൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വടക്കൻ കേരളത്തിൽ പലയിടത്തും വ്യാപകമായി അക്രമങ്ങൾ അരങ്ങേറി. പാനൂരിൽ വടിവാൾ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.