ഹോസ്റ്റലില്‍ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്
ഹോസ്റ്റലില്‍ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം
കണ്ണൂര്‍: തലശ്ശേരിയില്‍ ഹോസ്റ്റലില്‍ കയറി യുവതിയെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ പോലിസ് മണിക്കൂറുകള്‍ക്കകം പിടികൂടി. പാനൂര്‍ പാറാട് പുത്തൂര്‍ ക്ലബിന് സമീപം മുക്കത്ത് ഹൗസില്‍ മുഹമ്മദ് അജ്മല്‍ (27) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് തലശ്ശേരിയില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.
വിവരം ലഭിച്ച ഉടന്‍ എസ്‌ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം നടത്തി. നാലരമണിക്കൂറിനകം തലശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് അന്വേഷണം നടത്തുക ആയിരുന്നു. തലശ്ശേരി നാരങ്ങാപ്പുറത്തുള്ള ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു.
ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ വീടിന്റെ പരിസരങ്ങളിലും തലശ്ശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടത്തി. വൈകീട്ട് ആറിന് തലശ്ശേരിയില്‍നിന്ന് എസ്‌ഐ അശ്വതി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജില്‍, ഹിരണ്‍, സായൂജ് എന്നിവര്‍ പ്രതിയെ പിടികൂടി. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ഷമീല്‍ അറസ്റ്റചെയ്തു. പ്രതിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെ നാല് കേസുകളുള്ളതായി പോലീസ് പറഞ്ഞു.