ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍; മകന്‍ അറസ്റ്റില്‍: ഇരുവരേയും മകന്‍ കുത്തി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍
ലൊസാഞ്ചലസ്: ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്നറെയും (78) ഭാര്യ മിഷേല്‍ റെയ്നറെയും (68) വീടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിക്ക് റെയ്നറെ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടില്‍ വഴക്കുണ്ടാക്കിയ മകന്‍ ഇരുവരെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പട്ടാപ്പകല്‍ ആണ് ഇരു കൊലപാതകങ്ങളും നടന്നത്. പ്രാദേശിക സമയം വൈകിട്ട് 3.40 തോടെ ലൊസാഞ്ചലസിലെ വീട്ടിലാണ് വയോധികരായ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് കൊല്ലപ്പെട്ടത് റോബ് റെയ്നറും ഭാര്യ മിഷേല്‍ റെയ്നറുമാണെന്ന് തിരിച്ചറിഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റോബിന്റെ ഭാര്യ മിഷേല്‍ സിങ്ങര്‍ ഫൊട്ടോഗ്രഫറാണ്. മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളിനെ തുടര്‍ന്നെത്തിയ സംഘമാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.
സംവിധായകനായും നടനായും പ്രശസ്തനായ റോബ്, കോമഡി ഇതിഹാസം കാള്‍ റെയ്നറുടെ മകനാണ്. 1980-90 കളില്‍ ശ്രദ്ധേയമായ ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തു. 1970 കളിലെ ക്ലാസിക് ടിവി പരമ്പരയായ ഓള്‍ ഇന്‍ ദ് ഫാമിലിയിലൂടെ നടനെന്ന നിലയില്‍ അംഗീകാരം നേടി. 1984 ല്‍ ഇറങ്ങിയ 'ദിസ് ഈസ് സ്‌പൈനല്‍ ടാപ്' ആണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ സിനിമയില്‍ നായകനുമായി. വെന്‍ ഹാരി മെറ്റ് സാലി (1989), ദ് പ്രിന്‍സസ് ബ്രൈഡ് (1987), മിസറി (1990), എ ഫ്യു ഗുഡ്മെന്‍ (1992) എന്നിവയാണ് മറ്റു പ്രധാന സിനിമകള്‍.