പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്തിയത് പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍; യുവാവ് അറസ്റ്റില്‍

പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്തിയത് പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍; യുവാവ് അറസ്റ്റില്‍

Update: 2025-12-19 03:17 GMT

കുമളി: പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കുമളിയില്‍ അറസ്റ്റിലായി. കാമാക്ഷി പാറക്കടവ് ഇഞ്ചന്‍തുരുത്തില്‍ ബിനീഷ് ദേവ് (38) കുമളി പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമളി പോലീസും നര്‍ക്കോട്ടിക് സെല്ലിലെ ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ ലഹരിശേഖരം പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിലായിരുന്നു പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 31 ചാക്കുകളിലായി നിറച്ച ഉത്പന്നങ്ങള്‍ വാനിന്റെ അടിഭാഗത്ത് അടുക്കിവെച്ച ശേഷം, പുറമെ പച്ചക്കറി പെട്ടികള്‍ നിരത്തി സംശയം തോന്നാത്ത രീതിയിലായിരുന്നു കടത്ത്. കട്ടപ്പന, കുമളി, ചെറുതോണി, അടിമാലി തുടങ്ങിയ മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി.

കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു. ലഹരി ഉത്പന്നങ്ങള്‍ക്കൊപ്പം കടത്തിന് ഉപയോഗിച്ച പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ കെ., സിപിഒ മാരായ നദീര്‍, രഞ്ജിത്ത് ചെറിയാന്‍, മഹേന്ദ്രന്‍ എന്നിവരും ഡാന്‍സാഫ് സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News