വിദ്യാഭ്യാസത്തിന് മികച്ച സേവനം നല്‍കിയ പ്രസ്ഥാനത്തിന് ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം നല്കുന്നു; ഒരു ലക്ഷത്തി ഒരുരൂപയും, സ്മാരക ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 31-ന്, മുഖ്യമന്ത്രി സമ്മാനിക്കും

വിദ്യാഭ്യാസത്തിന് മികച്ച സേവനം നല്‍കിയ പ്രസ്ഥാനത്തിന് ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം നല്കുന്നു

Update: 2025-12-20 13:17 GMT

ശിവഗിരി: 93-ാമതു ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നല്‍കുന്ന ആദ്യ പുരസ്‌കാരം വിദ്യാഭ്യാസത്തിന് മികച്ച സേവനം ചെയ്യുന്ന പ്രസ്ഥാനത്തിന് നല്‍കുമെന്ന് തീര്‍ത്ഥാടന കമ്മറ്റി അറിയിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ദിവ്യാനുഗ്രഹത്തോടെ ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം, വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, ആരോഗ്യം, സംഘടന, കൃഷി, കൈത്തൊഴില്‍, കച്ചവടം, ശാസ്ത്രസാങ്കേതികവിദ്യ എന്നീ എട്ട് മഹത്തായ ലക്ഷ്യങ്ങളെ (അഷ്ടലക്ഷ്യങ്ങള്‍) ആധാരമാക്കി സമൂഹത്തിന്റെ ആത്മീയസാമൂഹിക ഉന്നമനത്തിനായി നിലനില്ക്കുന്നു.

ഈ അഷ്ടലക്ഷ്യങ്ങളെ ജീവിതത്തിലും സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് (SNDST) ഈ വര്‍ഷം മുതല്‍ ''ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം'' എന്ന പേരില്‍ വാര്‍ഷിക പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രഥമ വിഷയമായ ''വിദ്യാഭ്യാസം'' എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് 2025 വര്‍ഷത്തേക്കുള്ള ആദ്യ ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം നല്‍കുന്നത്. ഗുരുദേവന്റെ ''വിദ്യകൊണ്ട് സ്വതന്ത്രരാകുക' എന്ന ദര്‍ശനത്തെ ആധുനിക കാലഘട്ടത്തില്‍ അതുല്യമായി പ്രാവര്‍ത്തികമാക്കുന്ന സ്ഥാപനത്തെയോ വ്യക്തിയേയോ ആദരിക്കുകയാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം.

പുരസ്‌കാര നിര്‍ണ്ണയത്തിനായി രൂപീകരിച്ച ജൂറിയില്‍ മുന്‍ കേരള ചീഫ് സെക്രട്ടറിയും പ്രശസ്ത സിവില്‍ സര്‍വന്റും അക്കാദമീഷ്യനുമായ ഡോ. കെ. ജയകുമാര്‍, അധ്യക്ഷനും കേരള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. വിജയന്‍ IPS, ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗതിരാജ് എന്നിവര്‍ അംഗങ്ങളാണ്.

ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം

* 1,00,001/ (ഒരു ലക്ഷത്തി ഒരു രൂപ)

* സ്മാരക ഫലകം

* പ്രശസ്തിപത്രം എന്നിവയായിരിക്കും വിജയികള്‍ക്ക് നല്‍കുന്നത്.

പ്രസ്തുത പുരസ്‌കാരം 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍, 2025 ഡിസംബര്‍ 31-ന്,

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുന്നതാണ്.

വരും വര്‍ഷങ്ങളില്‍, ശിവഗിരി തീര്‍ത്ഥാടനത്തിന്റെ മറ്റ് അഷ്ടലക്ഷ്യങ്ങളായ ശുചിത്വം, ഈശ്വരഭക്തി, ആരോഗ്യം, കൃഷി, വ്യാപാരം, സംഘടന, ശാസ്ത്രസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഗുരുദേവന്റെ സന്ദേശങ്ങള്‍ സമൂഹത്തില്‍ ശക്തമായി പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരങ്ങളിലൂടെ ആദരിക്കുന്നതായിരിക്കുമെന്നും തീര്‍ത്ഥാടന കമ്മറ്റി അറിയിച്ചു.

Tags:    

Similar News