സ്‌കൂള്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം; വാഹനാപകടം ഉണ്ടായത് ഡ്രൈവറുടെ വാഹനാഭ്യാസത്തിനിടെ: ഷജീര്‍ 11 ക്രിമിനല്‍ കേസുകളിലെ പ്രതി

വിദ്യാർഥിയുടെ മരണം; ഡ്രൈവറുടെ വാഹനാഭ്യാസത്തിനിടെ

Update: 2025-12-23 01:55 GMT

കയ്പമംഗലം: ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥി കാര്‍ മറിഞ്ഞ് മരിക്കാനിടയായത് ഡ്രൈവറുടെ വാഹനാഭ്യാസത്തിനിടെ. കുട്ടികളെ വാഹനത്തില്‍ കയറ്റി ഇയാള്‍ കടപ്പുറത്ത് വാഹനാഭ്യാസം നടത്തിയതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ വാഹനം ഓടിച്ച കയ്പമംഗലം കൂരിക്കുഴി സ്വദേശി പഴുംപറമ്പില്‍ വീട്ടില്‍ ഷജീറി (സദ്ദാം-36)നെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പള്ളിത്തറ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് സിനാനാ(14)ണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെ ചാമക്കാല ബീച്ചിലായിരുന്നു മുഹമ്മദ് സിനാനന്റെ ജീവനെടുത്ത അപകടം. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കടപ്പുറത്ത് കാറില്‍ സാഹസിക അഭ്യാസം നടത്തുകയായിരുന്നു ഷജീര്‍. സമീപം കളിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍, മുഹമ്മദ് ഷഫീര്‍, അമീര്‍ എന്നീ കുട്ടികളെയും ഇയാള്‍ വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് വാഹനവുമായി അഭ്യാസത്തിനിടെയാണ് മറിഞ്ഞത്.

സിനാന്‍ കാറിനടിയില്‍ പെട്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനം പോലീസ് പിടിച്ചെടുത്ത് ഫൊറന്‍സിക് വിഭാഗം വിശദമായ പരിശോധന നടത്തി. ഷജീറുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. വധശ്രമം, തട്ടിപ്പ്, അടിപിടി, ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷജീര്‍ എന്നും പോലീസ് അറിയിച്ചു. കയ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്ഐമാരായ ടി.വി. ഋഷിപ്രസാദ്, ജയകുമാര്‍, ജിഎസ്ഐ ജെയ്സണ്‍, സിപിഒമാരായ ആന്റണി, ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News