കേസ് തീര്‍പ്പാക്കുന്നതില്‍ റെക്കോര്‍ഡ് വേഗവുമായി ഹൈക്കോടതി; ഈ വര്‍ഷം ഇതുവരെ തീര്‍പ്പാക്കിയത് 1,09,239 കേസുകള്‍: ഇത്തവണയും ഒന്നാമതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍
കേസ് തീര്‍പ്പാക്കുന്നതില്‍ റെക്കോര്‍ഡ് വേഗവുമായി ഹൈക്കോടതി
കൊച്ചി: കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ റെക്കാഡ് വേഗവുമായി കേരള ഹൈക്കോടതി. 2024ല്‍ 1,02,963 കേസുകള്‍ തീര്‍പ്പാക്കിയ കോടതി 2025ല്‍ ഇതുവരെ 1,09,239 കേസുകള്‍ക്കാണ് തീര്‍പ്പുകല്‍പ്പിച്ചത്. ഈ വര്‍ഷം ആറ് ശതമാനത്തിലധികമാണ് വര്‍ദ്ധന. ബെഞ്ചും ബാറും തമ്മിലുള്ള ടീം വര്‍ക്കാണ് ഈ നേട്ടത്തിന് നിദാനം. എങ്കിലും, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നതാണ്.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇത്തവണയും ഒന്നാമത് - 15,026 കേസുകള്‍. ജസ്റ്റിസ് സി.എസ്. ഡയസ് (8,713), ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് (7,627), ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് (5,936) എന്നിവരും മുന്‍നിരയിലുണ്ട്. സിവില്‍ വിഭാഗത്തില്‍ മാത്രം 2,07,081 കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഇവയില്‍ 1,47,963 കേസുകള്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ക്രിമിനല്‍ വിഭാഗത്തില്‍ 50,785 കേസുകളുണ്ട്. ഇതില്‍ 34,835 എണ്ണം ഒരു വര്‍ഷത്തിനപ്പുറമുള്ളതാണ്.
ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതയുമാണ് കേസുകള്‍ നീണ്ടുപോകാന്‍ പ്രധാന കാരണമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഇ-ഫയലിംഗ് പോലുള്ള സംവിധാനങ്ങള്‍ വന്നെങ്കിലും കേസുകള്‍ വര്‍ദ്ധിക്കുന്നതും കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നു.