ടവറുകളും കേബിളുകളും വേണ്ട; മൊബൈല്‍ ഫോണുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് ഉപഗ്രഹം നേരിട്ട് തരും; ബ്ലൂബേര്‍ഡ് ബ്ലോക്ക് - 2 ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയരും
ടവറുകളും കേബിളുകളും വേണ്ട; അതിവേഗ ഇന്റര്‍നെറ്റ് ഉപഗ്രഹം തരും
തിരുവനന്തപുരം: ടവറുകളും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുമില്ലാതെ മൊബൈല്‍ ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹം ഇന്ന് ബഹിരാകാശത്തേക്ക്. അമേരിക്കന്‍ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന ബ്ലൂബേര്‍ഡ് ബ്ലോക്ക് - 2 എന്ന ഉപഗ്രഹമാണ് ഇന്റര്‍നെറ്റ് യുഗത്തിന് പുത്തന്‍ മാറ്റം കൊണ്ടുവരുന്നത്. ഏത് കൊടുംകാട്ടിലും കടലിലും അതിവേഗം ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഒന്നാണ് ഈ ഉപഗ്രഹം. ഇതോടെ ടവറുകളും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളും സമീപഭാവിയില്‍ കാലഹരണപ്പെടും.
ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹവിക്ഷേപണമാണ് ഇന്ന് രാവിലെ 8.55ന് ശ്രീഹരിക്കോട്ടയില്‍ നടക്കുന്നത്. 6500കിലോഗ്രാമാണ് ഭാരം. ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് അതിവേഗ സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹമാണിത്. ഐ.എസ്.ആര്‍.ഒയുടെ എല്‍.വി.എം 3 റോക്കറ്റിലാണ് വിക്ഷേപണം. ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ അകലെയാണ് ഭ്രമണപഥം നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രമെന്ന ഖ്യാതിയും ബ്ലൂബേര്‍ഡ് ബ്ലോക്ക് - 2 സ്വന്തമാക്കും. ഡേറ്റാ പ്രവാഹം കടലില്‍ നിന്ന് ബഹിരാകാശത്തേക്ക് മാറും ഇതോടെ മൊബൈലുമായി നില്‍ക്കുന്നത് മരുഭൂമിയിലോ, ഉള്‍ക്കടലിലോ, കൊടും കാട്ടിലോ, പവര്‍തത്തിലോ ആയാലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.